2011 ഡിസംബർ 9, വെള്ളിയാഴ്‌ച

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല


ഇന്ന് ചക്കുളത്തുകാവ് പൊങ്കാല. അതേക്കുറിച്ച് കൂടുതല്‍ അറിയാത്തത്‌ കൊണ്ടാണ് പാവംപ്രവാസി എഴുതാതതിരുന്നത്‌..എന്നാല്‍ ഇനിയും ആരും എങ്ങും എഴുതിക്കാണാത്തപ്പോല്‍ എന്തേലും എഴുതാം എന്ന് കരുതി. ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്ചക്കുളത്തുകാവ് അമ്മയെ പ്രീതിപ്പെടുത്താനാണ് .ആറ്റുകാല്‍ പൊങ്കാലപോലെ തന്നെ പ്രശസ്തമാണ്‌ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല.
ഇനി അല്പം വിശദാംശങ്ങളിലേക്ക്  കിയടക്കം അല്ലേ.?

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. ഈക്ഷേത്രത്തിൽ ഗണപതി,ശിവൻ, സുബ്രഹ്മണ്യൻ, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങൾ, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.മദ്ധ്യതിരുവിതാംകൂറിൽ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. പൊങ്കാല തൃക്കാർത്തിക ദിവസമാണ് നടക്കുന്നത്. കാർത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകളും പേരുകേട്ടവയാണ് ഇവിടെ. ഇനി അല്പം ഐതിഹ്യം നോക്കാം അല്ലേ..?
കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്ന് നിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടൻറെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുർഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി.
അന്ന് രാത്രിയിൽ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ നാരദമുനിയാണെന്നും വേടന് സ്വപ്നദർശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവിൽ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. പഴക്കം നിർണ്ണയിക്കാൻ കഴിയാത്തതാണ് ചക്കുളത്തുകാവിലെ മൂലവിഗ്രഹം. അന്നു മുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിൻറെ ഒരു പങ്ക് ദേവിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത്. ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ദേവിയ്ക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ. എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപകൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. മക്കളേ, നിങ്ങൾക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്കളങ്ക ഭക്തിയിൽ ഞാൻ സന്തുഷ്ടയാണ്. തീരാദുഖങ്ങളിൽ പോലും എന്നെ കൈവിടാത്തവർക്ക് ഞാൻ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂർവ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാൻ എപ്പോഴും ഉണ്ടായിരിക്കും.ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.





എല്ലാ കൂട്ടുകാര്‍ക്കും ഭക്തിയുടെ നിറവില്‍ ചക്കുളത്തുകാവ് പൊങ്കാല ആശാസാകള്‍ നേരുന്നു നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ